2012 ജൂൺ 14, വ്യാഴാഴ്‌ച

പ്രഭാതം ...ചിന്തകള്‍ ..

പ്രഭാതം ...ചിന്തകള്‍ ..
പലരും പല ഓമന പേരിട്ടു വിളിക്കുന്ന ആ പ്രഭാതക്രിയക്കിടയിലാണ്  സാധാരണയായി എന്‍റെ മനസ്സിലേക്ക് ഒരുപാട് ചിന്തകള്‍ കടന്നു വരാറ്. ലോകം വിവിധ ശാസ്ത്രങ്ങളിലും വിവര സാങ്കേതിക വിദ്യയിലും കണ്ടു പിടിച്ച കാര്യങ്ങള്‍ ആലോചിച്ചാല്‍ തന്നെ തല കറങ്ങും.. 
പക്ഷെ ഇക്കണ്ട കാലമാത്രയായിട്ടും ഈ വിദ്യക്ക് പകരം മാത്രം തടി കേടാക്കാത ഒരു പൊടിക്കൈ 
കണ്ടു പിടിച്ചതായി അറിവില്ല!!
പതിവ് പോലൊരു ദിവസമായ ഇന്നും ചിന്തകള്‍ അവസാനിപ്പിക്കാറായി എന്ന് കരുതി ഇഷ്ട നിറത്തിലുള്ള മഗ്ഗ് തിരയുമ്പോള്‍ എന്ത് കൊണ്ടോ എന്തോ പൂര്‍ത്തിയായില്ലെന്നൊരു തോന്നല്‍!! എങ്കില്‍ ശരി.. "കേരളം പോയ മാസം" എന്ന വളരെ ഇഷ്ടപ്പെട്ടതും എന്നാല്‍ ചിന്തിക്കാന്‍ അധികം തുനിയാത്തതുമായ വിഷയത്തില്‍ കുറച്ചു കൂടി സമയം ചെലവഴിക്കാം എന്ന് കരുതി, വെറുതെ ചിന്തിക്കുക മാത്രം ചെയ്തു കളയുന്നതിലുള്ള ഖേദം സമയത്തോട്‌ പ്രകടിപ്പിച്ചു, ഇരിപ്പ് തുടര്‍ന്നു...
ടി പി ... മണി ... ഒഞ്ചിയം ..ഇടുക്കി...കൊടി സുനി...റബ്ബ് .. നിലവിളക്ക്... ഗംഗ.. ഗ്രേസ്.. അരീക്കോട്.
ബഷീര്‍..കൊലക്കാടന്‍ ( കൊളക്കാടന്‍ എന്ന് പിന്നീട് തിരുത്ത്‌ ).... ഹോ..ഇത് എവിടെയും ചെന്നെത്തില്ല.. എങ്കിലും  പൂര്‍ണ സംതൃപ്തി അടയുന്നത് വരെ ചിന്തികാതെ വയ്യല്ലോ..
ടി പി ചന്ദ്രശേഖരന്‍... ജീവിച്ചിരിക്കുമ്പോള്‍ നേടിയതിനെക്കാള്‍ പ്രശസ്തി മരണത്തിലൂടെ കൈവരിച്ച ധീരനായ സഖാവ് ( ഔദ്യോദികപക്ഷം എന്നെ വെറുതെ വിടുക ). 'ജനിച്ചത്‌ മുതല്‍ തനിക്കൊപ്പം നടന്നു ഒരു ദിനം തനിക്കെതിരെ തിരിഞ്ഞു നില്‍ക്കുന്നൊരു നിഴലാണ് മരണം' എന്ന ഏതോ ഒരു ധൈര്യശാലിയുടെ വാക്കുകള്‍ അദ്ദേഹത്തിനും പ്രചോദനം ആയിക്കാണണം.. ഏതായാലും ഒരു തോക്കിന്‍റെ ലൈസന്‍സോ തിരകളോ അദ്ദേഹം അന്വേഷിച്ചു നടന്നില്ല .. മനസ്സില്‍ കുറച്ചു മനുഷ്യത്വം ബാക്കിയുള്ളവരെ ആ കൊലപാതകം ഇത്തിരി നോവിച്ചു എന്ന് പറയുന്നതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാവാന്‍ ഇടയില്ല. പോലിസ് തകൃതിയായി അന്വേഷിച്ചു.. ചെന്ന് കയറിയത് ഭൂരിഭാഗവും വിപ്ലവ നേതാക്കളുടെ ഓഫീസിലും വീട്ടിലും ആയപ്പോ അവര്‍ ഉമ്മന്‍ ചാണ്ടിയുടെ പോലീസായി. പാവം പോലിസ്. 30 കൊല്ലത്തെ സര്‍വീസിനിടയില്‍ ചുരുങ്ങിയത് 30 /5 = 6  തവണയെങ്കിലും ഇവര്‍ക്കീ ഇടതു വലതു ചീത്തപ്പേര് മാറി മറിഞ്ഞു വരും.
കൊന്നത് ആരായാലും ഒരു കാര്യം ആലോചിച്ചു കാണില്ല... കൊല നടന്നത് രാത്രി 10 : 30 ന്‌. അടുത്ത ദിവസം ഹര്‍ത്താല്‍ എന്ന പ്രഖ്യാപനം വരുന്നത് രാത്രി 11  മണി കഴിഞ്ഞ്‌.. പകല് മുഴുവന്‍ പണിയെടുത്തു അന്നന്നത്തെ പെഗ്ഗിനുള്ള വക കണ്ടെത്തുന്ന ഒരു വലിയ വിഭാഗം നിക്ഷ്പക്ഷരുള്ള നാടാണിത്.. സമയം തെറ്റി വന്ന ഒരു ഹര്‍ത്താല്‍ അവരുടെ ജീവിതത്തെ ചെറുതായൊന്നുമല്ല ബാധിച്ചത്. അവര്‍ ഒന്നടങ്കം കൊലപാതകത്തിന് മുന്‍കൈ എടുത്തവരുടെ എതിര്‍ ചേരിയില്‍ നിലകൊള്ളും.
ടി പി യുടെ ആത്മാവിനു ശാന്തി. കൊലയാളികളും അവരെ അതിനു പ്രേരിപ്പിച്ചവരും ശിക്ഷ അനുഭവിക്കട്ടെ. ശരിയായ നീതിന്യായ വ്യവസ്ഥിതി ഇവിടെ തിരികെ വരട്ടെ. അതിനു പോലീസും കോടതിയും മാത്രമല്ല, ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും ബാധ്യസ്ഥരാണ് എന്ന ബോധം എല്ലാ പൌരന്മാരിലും ഉണരട്ടെ. ഞങ്ങള്‍ കൊന്നിട്ടുണ്ട് എന്ന്  ഏറ്റു പറയുന്ന മണിയാശാന്മാര്‍ ഇനിയും ഉണ്ടാവട്ടെ.. സാക്ഷി പറഞ്ഞവന്‍ ജീവനോടെ തിരിച്ചു പോവില്ല എന്ന് വെല്ലു വിളിക്കുന്ന ബഷീറിനെ പോലെയുള്ളവര്‍ ഉണ്ടാവാതിരിക്കട്ടെ. (തങ്ങള്‍ ഇരിക്കുന്നത് കൊണ്ട് ഇത്രയേ പറയുന്നുള്ളൂ എന്നാ മൂപ്പര് പറഞ്ഞത്. തങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍, എന്ന് ആലോചിക്കാന്‍ തന്നെ ഭയം ആവുന്നു.. ).
ഇനി കൊലപാതകം കുറച്ചു നേരം മാറ്റി നിര്‍ത്തി നിലവിളക്കും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധത്തെ പറ്റി ആലോചിക്കാം.. ഫേസ്ബുക്കില്‍ മലയാളികളുടെ ഇടയിലെ ഏറ്റവും ഒടുവിലത്തെ ഹിറ്റ്‌. ജനാധിപത്യത്തെ കൂട്ട് പിടിച്ചുകൊണ്ട്, മതത്തിനു നിഷേധ്യമായത് നിഷേധിക്കാന്‍ മൂപ്പര്‍ക്ക് ജനാധിപത്യ അവകാശം ഉണ്ടെന്നു ഒരു കൂട്ടര്‍. ഇസ്ലാം നിലവിളക്ക് തൊടരുതെന്ന് എവിടെയാ പറഞ്ഞിട്ടുള്ളതെന്നു അതെ മതത്തിലെ മറ്റൊരു കൂട്ടര്‍. ഇനിയിപ്പോ അങ്ങനെ തന്നെ ആണെങ്കിലും എല്ലാ മതക്കാരും കൂടെ വോട്ട് ചെയ്തു തിരഞ്ഞെടുത്ത മന്ത്രി പുള്ളിയുടെ സ്വകാര്യമായ മത വിശ്വാസത്തെ പൊതു വേദിയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് നീചമെന്നു മറ്റൊരു വാദം.. കൂട്ടത്തില്‍ ഗംഗ എന്ന സര്‍ക്കാര്‍ വക ഭവനത്തെ അദ്ദേഹം ഗ്രേസ് എന്ന് നാമകരണം ചെയ്തതും കൂടെ ആയപ്പോ സംഗതി ആളിക്കത്തി.. അദ്ദേഹം ചെയ്ത ഈ രണ്ടു കാര്യങ്ങളും തെറ്റുകള്‍ എന്ന് വിളിക്കുന്നതിനേക്കാള്‍ മണ്ടത്തരങ്ങള്‍ എന്ന് വിളിക്കുവാന്‍ ആണ് എനിക്കിഷ്ടം .. മണ്ടനായ വിദ്യാഭ്യാസ മന്ത്രിയുടെ നാട്ടിലെ ബുദ്ധിമാന്മാരായ പാവം വിദ്യാര്‍ഥികള്‍ !! ചിരി വരുന്നു .. അതിലും ചിരി വരുന്നത്, മുത്തച്ച്ചന്‍ മരിക്കുന്ന സമയത്ത് നാക്കില്‍ ഇറ്റിക്കുവാന്‍ ഒരുപാട് ബുദ്ധിമുട്ടി കാരണവര്‍ കൊണ്ട് വെച്ച ഗംഗാജലം മൂപ്പര് കാണാതെ വോഡ്കയില്‍ ഒഴിച്ച് നാരങ്ങയും പിഴിഞ്ഞ് ഒറ്റ വലിക്കു അകത്താക്കി "അടിക്കുന്നെങ്കില്‍ ഗംഗാജലം ഒഴിച്ചടിക്കണം" എന്ന് ഒരു തമാശയും പോട്ടിക്കുന്നവരും ഉണ്ട് ഈ ഗംഗ വിവാദത്തില്‍ ഘോരഘോരം വാദിക്കുവാന്‍ എന്നതാണ്...
ഇത്രയുമായപ്പോഴേക്കും ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ച ആ സംതൃപ്തി ലഭ്യമായി.. മനസ്സില്‍, ‍ നാഗവല്ലിയെ വെല്ലുന്ന ഭീകര ശബ്ദത്തില്‍ " ഉന്നൈ താനെടാ കാതിരുന്തെന്‍.. ഇവളുവ ധൈര്യമാ എന്നൊട ടൈം വേസ്റ്റ് പണ്ണ്‍ട്രതിക്ക്" എന്ന് അലറിക്കൊണ്ട്‌ അടുത്ത കര്‍മ പരിപാടികളികേക്ക് ഞാന്‍ കടന്നു ...
( ചിന്തകള്‍ തുടരും...തുടരാതെ പറ്റില്ലല്ലോ.. )

5 അഭിപ്രായങ്ങൾ: