2013 നവംബർ 13, ബുധനാഴ്‌ച

മലയാള സിനിമയും മ്ലേചാധിപത്യവും...

മലയാള സിനിമയും മ്ലേചാധിപത്യവും

ബാലൻ കെ നായർ.. കേൾക്കുമ്പോ തന്നെ മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുക മുഖത്തിന്റെ ഒരു വശം ചെറുതായി കോടി കണ്ണുകൾ ഇറുക്കി ക്രൂരമായ ഭാവത്തോടെ പെണ്ണിനെ തറപറ്റിക്കാൻ വേണ്ടി ഒരുങ്ങുന്ന ദുഷ്ടൻ..
പ്രേംനസീർ.. ആണഴകിന്റെ പഴയകാല സമ്പൂർണ്ണ രൂപം.. എത്രയാളെയും ( അവർ ദുഷ്ടന്മാർ ആണെങ്കിൽ) പറന്നടിച്ചു ഉന്മൂലനം ചെയ്യുന്ന ഉദാത്ത നായക സങ്കല്പം..
വിരോധാഭാസം ശ്രദ്ധിക്കൂ.. സിനിമയിൽ കാലെടുത്തു വെച്ച ഉടനെ ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ എന്ന അംഗീകാരം (ഭരത് ) നേടിയ നായർ എവിടെ ? ഇന്ന് അഭിനയത്തിന്റെ പേരിൽ ഏറ്റവും കളിയാക്കപ്പെടുന്ന മ്ലേച്ചനായ അബ്ദുൽ ഖാദർ എവിടെ ?
ഇനിയും പിന്നോട്ട് പോയാലോ ? തിരക്കഥ മുതൽ എല്ലാം ചെയ്തു നായകനും ആയി അഭിനയിച്ച തിക്കുറിശി സുകുമാരൻ എന്ന നായർ എത്ര ഹീനമായ അടിയൊഴുക്കുകളിൽ പെട്ടാണ് വെറും ഒരു അച്ഛൻ വേഷക്കാരനോ ചായക്കടക്കാരനോ ഒക്കെ ആയതു ?
സത്യൻ എന്ന നടൻ ഭയങ്കര അഭിനയ ചക്രവർത്തിയാണ് എന്നൊക്കെ ഇന്ന് പറയുന്നെങ്കിലും അന്ന് അവഗണിക്കപ്പെടുകയായിരുന്നു.. അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം തന്നെ നോക്കുക.. മാധവൻ നായർ എന്ന മധുവിനു എന്നും അബ്ദുൽ ഖാദറിന്റെ അടിയിൽ രണ്ടാമൻ ആയെ സ്ഥാനം ഉണ്ടായിരുന്നുള്ളൂ..
ബലാൽസംഗം മതേതരം ആക്കാൻ നായർക്കു ജോസ് പ്രകാശും കെ പി ഉമ്മറും തുണ ചെർന്നുവെങ്കിലും അവരെയും മരിക്കുന്നതിനു മുന്നേ തന്നെ  പള്ളീലച്ചനും ഒക്കെ ആക്കി വളരെ സമർത്ഥമായി കുഞ്ഞാടുകൾ ആയി മരിക്കാൻ അവസരം ഒരുക്കി.. അത് പോലെ മറ്റൊരു മികച്ച ബലാത്സംഗ വിദഗ്ദ്ധൻ ആയിരുന്ന കൊച്ചിൻ ഹനീഫയെ ഹാസ്യ സാമ്രാട്ടായി അവതരിപ്പിക്കാൻ ശ്രമം നടന്നുവെങ്കിലും ഒരു “പാവം തിരുമണ്ടൻ” ഇമേജ് എങ്കിലും നേടിക്കൊടുക്കുവാൻ ഈ കൂട്ടർക്കായി..
ആദ്യമായി ഈ കൂച്ച് വിലങ്ങിൽ നിന്നും സ്വയം രക്ഷപ്പെട്ട് ഉദിച്ചുയർന്ന ആളായിരുന്നു കൃഷ്ണൻ നായർ എന്ന ജയൻ ( ആ പേര് മാറ്റത്തിലും ഒരു ദുരൂഹത നിറഞ്ഞു നിൽക്കുന്നു.. എന്തുകൊണ്ട് സൂപ്പർ സ്റ്റാർ കൃഷ്ണൻ നായർ സിനിമയുടെ കെമിസ്റ്റ്രിക്കു യോജിക്കാത്തതായി?  ).. ജയന്റെ ഉയർച്ചയെയും അതിനായക ഇമേജിനേയും ഭയപ്പെട്ടിരുന്നവർ അദ്ദേഹത്തെ വില്ലനായും മ്ലേച്ചൻ സത്താറിനെ നല്ലവനായും അവതരിപ്പിച്ചു ശരപന്ജരവും കൊണ്ട് വന്നപ്പോൾ കുതിര പ്രയോഗത്തിലൂടെ അവിടെയും കയ്യടി നേടിയത് കൃഷ്ണൻ നായർ.. അങ്ങനെ ആയിരിക്കാം ദുരൂഹമായ ആ അപകടം ആദ്യമായി മലയാള സിനിമയിൽ ഉടലെടുക്കുന്നത് .. അതിനും ഒരു കാരണമായി മലയാള മനസ്സിൽ ഒരുപാട് കാലം ബാലൻ കെ നായർ എന്ന "വിഷം" അവതരിക്കപ്പെട്ടു..
കാലം പിന്നെയും നീങ്ങി .. അത് മമ്മൂട്ടി മോഹൻലാൽ യുഗത്തിലൂടെ സഞ്ചരിച്ചു .. സവർണ്ണ കഥാപാത്രങ്ങിലൂടെ മമ്മൂട്ടിയുടെ മുഖം കുടുംബ സദസ്സുകളിൽ പ്രിയങ്കരമാക്കാൻ വലിയ എഴുത്തുകാരായ എം ടി വാസുദേവൻ നായർ ( ഹും ..നായരാണത്രെ ! ) പോലെയുള്ളവർ പാട് പെട്ടപ്പോൾ വില്ലനായി ഒരുപാട് കാലം അഭിനയം തെളിയിക്കാനായിരുന്നു മോഹൻലാൽ നായരുടെ വിധി .. വിധിയോടു മല്ലിട്ടുകൊണ്ട് സ്വജനപക്ഷത്തിന്റെ ചെറിയ പിന്തുണയോടെ മോഹൻലാൽ നായർ മുന്നോട്ടു വരുന്തോറും അദ്ധേഹത്തിന്റെ സ്വഭാവത്തെ പറ്റിയും ശരീര ശാസ്ത്രത്തെ പറ്റിയും കുറ്റം പറഞ്ഞു പരത്തുന്നതിൽ തിരക്കിട്ട് മത്സരിക്കുകയായിരുന്നു ഈ ആധിപത്യ പക്ഷക്കാർ .. ആരും കണ്ടിട്ട് കൂടിയില്ലാത്ത അംബേദ്‌കർ എന്ന സിനിമയൊക്കെ ഉണ്ടാക്കി അന്ഗീകാരങ്ങൾ എത്തിച്ചു കൊടുക്കാൻ അവർ മത്സരിക്കുന്ന കാഴ്ച, തൃശൂർകാരൻ ആയ പ്രാഞ്ചിയെട്ടനെ ചത്ത്തിസ്ഗർ ഗവണ്മെന്റ് പത്മശ്രീക്ക് ശുപാര്ശ ചെയ്യുന്നത് മാതിരിയായി .. ഇതിനിടയിൽ അഭിനയകലയിൽ വ്യക്തിമുദ്ര പതിപ്പിച്ച മനോജ്‌ കെ ജയൻ എന്ന നടൻ പോലും അവഗണിക്കപ്പെട്ടു..
മോഹൻലാൽ നായർ ഭൂരിപക്ഷ ഏകീകരണത്തിലൂടെ പ്രേക്ഷക പിന്തുണയിൽ ഒന്നാമതു എത്തിയെങ്കിലും തിലകനെ പോലുള്ളവർ മ്ലെച്ചനായ മമ്മൂട്ടിയുടെ പരിഹാസത്തിനു പാത്രമായി ..
ഇന്നിതാ അടുത്തൊരു തലമുറയുടെ കയ്യിലേക്ക് കിരീടങ്ങൾ പറിച്ചു നടുന്ന സമയം ആഗതമായിരിക്കുന്നു.. ഇവിടെയും നോക്കൂ.. ഫഹദ്.. ദുൽക്കർ.. ഈ ജന്മങ്ങൾ ഈ പരിപാടി അവസാനിപ്പിക്കാൻ ഒരുക്കമേ അല്ല എന്ന് വ്യക്തം.. അവിടെയാണ് പ്രിഥ്വിരാജ് നായർ എന്ന മേൽത്തട്ട് സവർണ്ണൻ ഒരു ഒരു വലിയ വിഭാഗത്തിന് അവസാന പ്രതീക്ഷയായി നിലകൊള്ളുന്നത്‌ .. തുടക്കത്തിൽ തന്റെ ഉള്ളിലെ വിവരം മുഴുവൻ ഒറ്റയടിക്ക് പുറത്തെടുക്കാൻ ശ്രമിക്കുന്നു എന്ന കുറ്റം പറഞ്ഞു ഇയാളെ തഴഞ്ഞു.. ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയര്ത്തെഴുനെറ്റ് ഇയാൾ ആ ആധിപത്യക്കാരോട് പട പൊരുതി... നിർണായക നിമിഷത്തിൽ ഈ വർഗീയ ധ്രുവീകരണം തിരിച്ചറിഞ്ഞ ഒരു കൂട്ടം നന്മയുള്ളവരുടെ പിന്തുണയും അനുഗ്രഹവും ഇന്നാ പയ്യന്റെ കൂടെയുണ്ട്..

എങ്കിലും ഒരു ചോദ്യം അവശേഷിക്കുന്നു.. ഇത്രയും കാലം ഈ മേഖലയെ കയ്യിലിട്ടു അമ്മാനമാടിയ ആ നരാധമന്മാർ ആരാണ് .. ആരാണ് ?????


( ശുഭം )

2012 ജൂൺ 27, ബുധനാഴ്‌ച

ജയദേവനും മഴയും മഴ നിയമവും ....

ജയദേവനും മഴയും മഴ നിയമവും ....


കുറച്ചു ദിവസങ്ങളായി രാവിലെയുള്ള  ചിന്തകളില്‍ നിറഞ്ഞു വരുന്നൊരു മലയാളിയുടെ പേരാണ് ജയദേവന്‍.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പ് നടന്നൊരു ഇന്ത്യ - ഓസ്ട്രേലിയ ഏകദിന മത്സരം നാട്ടിലെ നമ്മുടെ സ്പോര്‍ട്സ് ക്ലബ്‌ അംഗങ്ങളോടൊപ്പം ( കച്ചറ ക്ലബ്‌ എന്ന് ചില അസൂയാലുക്കള്‍ ) സ്ഥലം കരണ്ടാപ്പീസിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ടി വി യില്‍ കണ്ടു കൊണ്ടിരിക്കുന്ന സീന്‍. തെരഞ്ഞെടുപ്പു വോട്ട് എണ്ണലും ക്രിക്കറ്റ്‌ കളിയും ഒരേ വികാരത്തോടെ കാണുന്ന, ഈ കളി ഇതുവരെ കളിച്ചിട്ടില്ലാത്ത ചില നാട്ടുകാരും കൂട്ടത്തിലുണ്ട്. മാനത്ത് കാര്‍മേഘം ഉരുണ്ടു കൂടുന്നതിനിടെ ഇന്ത്യയുടെ ക്യാപ്റ്റന്‍ സൌരവ് ഗാംഗുലി പോക്കറ്റില്‍ നിന്നും ഒരു കടലാസ് കഷണം എടുത്തു ഇടയ്ക്കിടെ നോക്കുന്നു. എന്താ കുമാരെട്ടാ ഈ ചെക്കന്‍ ബേജാറായി കടലാസ് നോക്കുന്നത് എന്ന ആരുടെയോ ചോദ്യത്തിന് ഒട്ടും സംശയിക്കാതെ കുമാരേട്ടന്റെ മറുപടി "ഇനി ഈ കളിയും കയിഞ്ഞു മഴയും കൊണ്ട് ഈ കണ്ട അരിയും പച്ചക്കറിയും മീനും ഒക്കെ വാങ്ങീട്ടു ഞാനെപ്പളാ പടച്ചോനെ വീട് പിടിക്കുക എന്നായിരിക്കും കുണ്ടന്റെ മനസ്സില്‍". കടലാസില്‍ ഭാര്യ കൊടുത്തു വിട്ട, വരുമ്പോ വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് ആണെന്ന കുമാരേട്ടന്റെ ഊഹം ഭൂരിഭാഗത്തെയും ചിരിപ്പിച്ചപ്പോ നമ്മുടെ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഗൌരവത്തില്‍ കുമാരേട്ടനെ തിരുത്തി. "അതാണ്‌ ഡക്ക് വര്‍ത്ത് ലുയിസ് നിയമം..അതെങ്ങനെയാ.. കളിയെന്താന്നും ക്യാപ്റ്റന്‍സി എന്താന്നും അറിയണ്ടേ ".. കൊട്ട് ടീമിന്റെ ഇപ്പോഴത്തെ ഔദ്യോദിക വിഭാഗത്തിനെതിരെയാണ്. ബാറ്റും സ്റ്റമ്പും ഒക്കെ വാങ്ങിക്കാന്‍ പിരിവെടുത്തു കൊടുത്തു വിട്ട പൈസയില്‍ ചെറിയൊരു തിരിമറി നടത്തി ഷര്‍ട്ട്‌ തുണി വാങ്ങിയതിനു മൂപ്പരെ അവിശ്വാസ പ്രമേയം പാസ്സാക്കി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും തെറിപ്പിച്ചിട്ട് അധികം നാളായില്ല ..
ഈ ഫ്ലാഷ്ബാക്ക് ഓര്‍മയിലേക്ക് തിരികെ കൊണ്ടുവന്നത്, കുറച്ചു ദിവസം മുന്പ്  "മലയാളി ജയദേവന്റെ മഴ നിയമം ഐ സി സി തള്ളി" എന്നൊരു പത്രവാര്‍ത്തയാണ്.
ഡക്ക് വര്‍ത്ത് ലുയിസ് എന്ന, താന്‍ വളരെ ബുദ്ധിമാനാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നൊരു സായിപ്പ് ( വിദ്വാന്‍ ഈ കളി കളിച്ചിട്ടുണ്ടോ എന്ന് എന്റെ വിക്കിപീഡിയയില്‍ തെളിയുന്നില്ല ), വളരെ ലളിതമായ ചില ഗണിതങ്ങള്‍ ഉപയോഗിച്ച് മഴ ഭാഗികമായി വാരിക്കളയുന്ന മത്സരങ്ങള്‍ക്ക് ഒരു ഫോര്‍മുല കൊണ്ട് വന്നു.. 30 ബോളില്‍ 20 റണ്‍ എടുത്താല്‍ ജയിക്കാം എന്ന അവസ്ഥയില്‍ നിന്നും ഒരു ചെറിയ മഴ കഴിഞ്ഞപ്പോഴേക്കും 1 ബോളില്‍ 18 റണ്‍ ഇപ്പൊ എടുത്താല്‍ ജയിക്കാം..വര്‍ത്തമാനം പറഞ്ഞു നിന്നാല്‍ ഇനിയും കൂടും.. എന്നൊക്കെയുള്ള അവസ്ഥയില്‍ എത്തി ചില മത്സരങ്ങള്‍.
ഇതൊക്കെ കണ്ടു മനം മടുത്തിട്ടാവണം തൃശൂര്‍ ഉള്ള നമ്മുടെ ജയദേവന്‍ എന്ന എന്ജിനീയര്‍ക്കു ഈ പോരായ്മകള്‍ പരിഹരിക്കുന്നൊരു മഴ നിയമം കണ്ടു പിടിക്കാന്‍ തോന്നിയത്. പുള്ളിക്കാരന്‍ രാവും പകലും അധ്വാനിച്ചു, താന്‍ പഠിച്ച വിദ്യകള്‍ മുഴുവന്‍ ഉപയോഗിച്ച് ഇതിനൊരു പരിഹാരം കണ്ടെത്തി. 20 പേജ് ഉള്ള തന്റെ കണ്ടുപിടുത്തങ്ങള്‍ ഐ സി സി യുടെ വിദഗ്ദ്ധ കമ്മറ്റിക്ക് അയച്ചു കൊടുത്തു.. സായിപ്പിനും പിന്നെ ഇപ്പൊ അതിന്റെ തലപ്പത്തുള്ള മൂത്താപ്പ ശരദ് പവാറിനും ഒരു ക്ണാപ്പും മനസ്സിലായില്ല.. അവര്‍ ആലോചിച്ചു ..ഈ എന്ജിനീയര്‍ ചെക്കന്റെ സ്ഥലം കേരളം .. കേരളവും ക്രിക്കറ്റ്‌ കളിയും തമ്മില്‍ ??? ഇത് രണ്ടും അറിയുന്ന ആരുടേയും മനസ്സില്‍ പാഞ്ഞെത്തുന്ന ആ മുഖം അവരുടെ മനസ്സിലും തെളിഞ്ഞു.. ഗോപുമോന്‍ !!! തീക്കൊള്ളി കൊണ്ടാണ് കൃമി തോണ്ടുന്നത്‌ ...ഉടനെ മറുപടി കൊടുത്തു .. ഇതും പണ്ടുള്ളതും തമ്മില്‍ വലിയ വ്യത്യാസം ഒന്നും ഇല്ല ..
"As per the deckworth method" എന്ന് പറയുന്നിടത്ത് ജയദേവന്റെ നിയമപ്രകാരം  എന്ന് പറയാന്‍ സായിപ്പിന് മാത്രമല്ല നമ്മുടെ, കമന്ററി പറയുന്ന ചുള്ളന്മാര്‍ക്കും കാണും ഇത്തിരി ചളിപ്പ്‌ . രാജപ്പന്‍ സരോജ് കുമാര്‍ ആയതു പോലെ ഈ കണ്ടു പിടുത്തത്തിനു മുന്പ് വല്ല Christopher Menon   എന്നോ മറ്റോ പേര് മാറിയിരുന്നെങ്കില്‍ കുറച്ചു കൂടെ പിന്തുണ നേടിയേനെ ഈ നിയമം. ( ഇത് നിരാകരിച്ചതിന്റെ പേരില്‍ ഐ സി സി യെ തെറി വിളിച്ച സുനില്‍ ഗവാസ്കറിനെ സ്നേഹപൂര്‍വ്വം സ്മരിക്കുന്നു ) .
എന്റെ പ്രശ്നം ഇതോന്നും അല്ല.. കാലമിനിയുമുരുളും കളി വരും മഴയും വരും.. ഒരു മണ്ടന്‍ നിയമം കാരണം ഏതെങ്കിലും ഒരു രാജ്യമോ ക്ല്ബ്ബോ ഒരു കളി തോറ്റാല്‍ അവിടെ സാമ്പത്തിക മാന്ദ്യമോ രാഷ്ട്രീയ  അരാജകത്വമോ ഒന്നും ഉടലെടുക്കില്ല.. അവിടെ മത തീവ്രവാദം ശക്തിപ്പെടില്ല.. അവിടെ അഞ്ചാം മന്ത്രിക്കു വേണ്ടിയുള്ള സമ്മര്‍ദ്ധങ്ങളും വിവാദങ്ങളും തുറക്കില്ല ..അവിടെ മുഖ്യമന്ത്രി കസേരക്ക് വേണ്ടി റിസോര്‍ട്ട് രാഷ്ട്രീയം ഉടലെടുക്കില്ല .. രാഷ്ട്രീയ കൊലപാതകങ്ങള്‍ പെരുകില്ല... വര്‍ത്തമാനം പറയാതെ ഒരു സാരിക്കുള്ളില്‍ ഒളിക്കുന്ന പ്രധാനമന്ത്രി ഉണ്ടാവില്ല ... കൂറ് മാറി എഭ്യത്തരം വിളിച്ചു പറയുന്ന ഇടക്കാല എം എല്‍ എ ഉണ്ടാവില്ല... തേനും പാലും ഒഴുക്കുമെന്നു തോന്നിപ്പിക്കുന്ന ആശയങ്ങളാല്‍ ശക്തിപ്പെട്ട പാര്‍ട്ടികള്‍ ഇവ രണ്ടും കൂട്ടത്തില്‍ ഒരു കാല്‍ കുപ്പി വിദേശിയും, വോട്ടിനും പണത്തിനും പദവിക്കും വേണ്ടി കണ്ടവന്റെ തൊണ്ടയില്‍ ഒഴിച്ച് കൊടുക്കുന്ന അവസ്ഥ വരില്ല ... വിലക്കയറ്റം കാരണം, നികുതി കിഴിച്ച് കിട്ടിയ ശമ്പളം തികയാതെ പച്ചക്കറി  വാങ്ങാന്‍ കെട്ടു താലി പണയം വെക്കേണ്ടി വരില്ല.. സ്വിസ് ബാങ്കിലെ അക്കൌണ്ടില്‍ രാജ്യം മൊത്തം വിലയ്ക്ക് വാങ്ങാനുള്ള കള്ളപ്പണം കുമിഞ്ഞു കൂടില്ല... ഇടത്തരക്കാരന് കേട്ടാല്‍ തല കറങ്ങുന്ന തുകയുടെ അഴിമതി സ്പെക്ട്രങ്ങള്‍ ഉണ്ടാവാന്‍ പോകുന്നില്ല .........പിന്നെന്തിനു...പിന്നെന്തിനു പ്രിയപ്പെട്ട ജയദേവാ , താങ്കളുടെ വിലപ്പെട്ട ബുദ്ധിശക്തിയും സമയവും കേവലം ഒരു മഴ നിയമത്തിനു വേണ്ടി ചെലവഴിച്ചു ????
ഇത്രയും ഇതിലേറെയും പ്രശ്നങ്ങളെ അതി ജീവിക്കുന്നൊരു നിയമം താങ്കളുടെ ബുദ്ധിയില്‍ ഉദിക്കുകയും അതിവിടത്തെ ജനങ്ങള്‍ക്കിടയില്‍ ഒരു ചര്‍ച്ച ആവുകയും ചെയ്തിരുന്നെങ്കിലോ ?
ഉദാഹരണത്തിന് , കൂട്ടുകക്ഷി ഭരണം എന്ന സമ്പ്രദായം നിര്‍ത്തലാക്കുക... 30 നും 60 നും ഇടയില്‍ മാത്രം പ്രായമുള്ള, പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് മാത്രം  തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത കല്‍പ്പിക്കുക , കള്ളപ്പണമോ അഴിമതി പണമോ കണ്ടെത്തിയാല്‍ അനുഭവിക്കെണ്ടുന്ന ശിക്ഷ കാലാവധി കഴിഞ്ഞാലും ഈ പണം തിരിച്ചു സര്‍ക്കാര്‍ ഖജനാവില്‍ അടക്കുന്നത് വരെ ജയിലില്‍ തന്നെ കഴിയുക ...തുടങ്ങി എത്രയെത്ര... ലോക്പാല്‍ എന്ന വേവാത്ത പരിപ്പ് പോലെയെങ്കിലും ജനമനസ്സുകളിലെക്കിത് എത്തിക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞെങ്കില്‍ പുതിയ തലമുറയുടെ ഫെസ്ബുക്കില്‍ എങ്കിലും താങ്കളുടെ പേജിനു ആയിരക്കണക്കിന്‌ like വീണേനെ ..
  
അങ്ങനെ ഒരു തവണ കൂടി പ്രഭാത ചിന്തകള്‍ക്ക് വിരാമം ഇടേണ്ട സമയം ആയി.. വീണ്ടും കാണാം ...

ജയ് ഹിന്ദ്‌..


 



2012 ജൂൺ 14, വ്യാഴാഴ്‌ച

പ്രഭാതം ...ചിന്തകള്‍ ..

പ്രഭാതം ...ചിന്തകള്‍ ..
പലരും പല ഓമന പേരിട്ടു വിളിക്കുന്ന ആ പ്രഭാതക്രിയക്കിടയിലാണ്  സാധാരണയായി എന്‍റെ മനസ്സിലേക്ക് ഒരുപാട് ചിന്തകള്‍ കടന്നു വരാറ്. ലോകം വിവിധ ശാസ്ത്രങ്ങളിലും വിവര സാങ്കേതിക വിദ്യയിലും കണ്ടു പിടിച്ച കാര്യങ്ങള്‍ ആലോചിച്ചാല്‍ തന്നെ തല കറങ്ങും.. 
പക്ഷെ ഇക്കണ്ട കാലമാത്രയായിട്ടും ഈ വിദ്യക്ക് പകരം മാത്രം തടി കേടാക്കാത ഒരു പൊടിക്കൈ 
കണ്ടു പിടിച്ചതായി അറിവില്ല!!
പതിവ് പോലൊരു ദിവസമായ ഇന്നും ചിന്തകള്‍ അവസാനിപ്പിക്കാറായി എന്ന് കരുതി ഇഷ്ട നിറത്തിലുള്ള മഗ്ഗ് തിരയുമ്പോള്‍ എന്ത് കൊണ്ടോ എന്തോ പൂര്‍ത്തിയായില്ലെന്നൊരു തോന്നല്‍!! എങ്കില്‍ ശരി.. "കേരളം പോയ മാസം" എന്ന വളരെ ഇഷ്ടപ്പെട്ടതും എന്നാല്‍ ചിന്തിക്കാന്‍ അധികം തുനിയാത്തതുമായ വിഷയത്തില്‍ കുറച്ചു കൂടി സമയം ചെലവഴിക്കാം എന്ന് കരുതി, വെറുതെ ചിന്തിക്കുക മാത്രം ചെയ്തു കളയുന്നതിലുള്ള ഖേദം സമയത്തോട്‌ പ്രകടിപ്പിച്ചു, ഇരിപ്പ് തുടര്‍ന്നു...
ടി പി ... മണി ... ഒഞ്ചിയം ..ഇടുക്കി...കൊടി സുനി...റബ്ബ് .. നിലവിളക്ക്... ഗംഗ.. ഗ്രേസ്.. അരീക്കോട്.
ബഷീര്‍..കൊലക്കാടന്‍ ( കൊളക്കാടന്‍ എന്ന് പിന്നീട് തിരുത്ത്‌ ).... ഹോ..ഇത് എവിടെയും ചെന്നെത്തില്ല.. എങ്കിലും  പൂര്‍ണ സംതൃപ്തി അടയുന്നത് വരെ ചിന്തികാതെ വയ്യല്ലോ..
ടി പി ചന്ദ്രശേഖരന്‍... ജീവിച്ചിരിക്കുമ്പോള്‍ നേടിയതിനെക്കാള്‍ പ്രശസ്തി മരണത്തിലൂടെ കൈവരിച്ച ധീരനായ സഖാവ് ( ഔദ്യോദികപക്ഷം എന്നെ വെറുതെ വിടുക ). 'ജനിച്ചത്‌ മുതല്‍ തനിക്കൊപ്പം നടന്നു ഒരു ദിനം തനിക്കെതിരെ തിരിഞ്ഞു നില്‍ക്കുന്നൊരു നിഴലാണ് മരണം' എന്ന ഏതോ ഒരു ധൈര്യശാലിയുടെ വാക്കുകള്‍ അദ്ദേഹത്തിനും പ്രചോദനം ആയിക്കാണണം.. ഏതായാലും ഒരു തോക്കിന്‍റെ ലൈസന്‍സോ തിരകളോ അദ്ദേഹം അന്വേഷിച്ചു നടന്നില്ല .. മനസ്സില്‍ കുറച്ചു മനുഷ്യത്വം ബാക്കിയുള്ളവരെ ആ കൊലപാതകം ഇത്തിരി നോവിച്ചു എന്ന് പറയുന്നതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാവാന്‍ ഇടയില്ല. പോലിസ് തകൃതിയായി അന്വേഷിച്ചു.. ചെന്ന് കയറിയത് ഭൂരിഭാഗവും വിപ്ലവ നേതാക്കളുടെ ഓഫീസിലും വീട്ടിലും ആയപ്പോ അവര്‍ ഉമ്മന്‍ ചാണ്ടിയുടെ പോലീസായി. പാവം പോലിസ്. 30 കൊല്ലത്തെ സര്‍വീസിനിടയില്‍ ചുരുങ്ങിയത് 30 /5 = 6  തവണയെങ്കിലും ഇവര്‍ക്കീ ഇടതു വലതു ചീത്തപ്പേര് മാറി മറിഞ്ഞു വരും.
കൊന്നത് ആരായാലും ഒരു കാര്യം ആലോചിച്ചു കാണില്ല... കൊല നടന്നത് രാത്രി 10 : 30 ന്‌. അടുത്ത ദിവസം ഹര്‍ത്താല്‍ എന്ന പ്രഖ്യാപനം വരുന്നത് രാത്രി 11  മണി കഴിഞ്ഞ്‌.. പകല് മുഴുവന്‍ പണിയെടുത്തു അന്നന്നത്തെ പെഗ്ഗിനുള്ള വക കണ്ടെത്തുന്ന ഒരു വലിയ വിഭാഗം നിക്ഷ്പക്ഷരുള്ള നാടാണിത്.. സമയം തെറ്റി വന്ന ഒരു ഹര്‍ത്താല്‍ അവരുടെ ജീവിതത്തെ ചെറുതായൊന്നുമല്ല ബാധിച്ചത്. അവര്‍ ഒന്നടങ്കം കൊലപാതകത്തിന് മുന്‍കൈ എടുത്തവരുടെ എതിര്‍ ചേരിയില്‍ നിലകൊള്ളും.
ടി പി യുടെ ആത്മാവിനു ശാന്തി. കൊലയാളികളും അവരെ അതിനു പ്രേരിപ്പിച്ചവരും ശിക്ഷ അനുഭവിക്കട്ടെ. ശരിയായ നീതിന്യായ വ്യവസ്ഥിതി ഇവിടെ തിരികെ വരട്ടെ. അതിനു പോലീസും കോടതിയും മാത്രമല്ല, ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും ബാധ്യസ്ഥരാണ് എന്ന ബോധം എല്ലാ പൌരന്മാരിലും ഉണരട്ടെ. ഞങ്ങള്‍ കൊന്നിട്ടുണ്ട് എന്ന്  ഏറ്റു പറയുന്ന മണിയാശാന്മാര്‍ ഇനിയും ഉണ്ടാവട്ടെ.. സാക്ഷി പറഞ്ഞവന്‍ ജീവനോടെ തിരിച്ചു പോവില്ല എന്ന് വെല്ലു വിളിക്കുന്ന ബഷീറിനെ പോലെയുള്ളവര്‍ ഉണ്ടാവാതിരിക്കട്ടെ. (തങ്ങള്‍ ഇരിക്കുന്നത് കൊണ്ട് ഇത്രയേ പറയുന്നുള്ളൂ എന്നാ മൂപ്പര് പറഞ്ഞത്. തങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍, എന്ന് ആലോചിക്കാന്‍ തന്നെ ഭയം ആവുന്നു.. ).
ഇനി കൊലപാതകം കുറച്ചു നേരം മാറ്റി നിര്‍ത്തി നിലവിളക്കും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധത്തെ പറ്റി ആലോചിക്കാം.. ഫേസ്ബുക്കില്‍ മലയാളികളുടെ ഇടയിലെ ഏറ്റവും ഒടുവിലത്തെ ഹിറ്റ്‌. ജനാധിപത്യത്തെ കൂട്ട് പിടിച്ചുകൊണ്ട്, മതത്തിനു നിഷേധ്യമായത് നിഷേധിക്കാന്‍ മൂപ്പര്‍ക്ക് ജനാധിപത്യ അവകാശം ഉണ്ടെന്നു ഒരു കൂട്ടര്‍. ഇസ്ലാം നിലവിളക്ക് തൊടരുതെന്ന് എവിടെയാ പറഞ്ഞിട്ടുള്ളതെന്നു അതെ മതത്തിലെ മറ്റൊരു കൂട്ടര്‍. ഇനിയിപ്പോ അങ്ങനെ തന്നെ ആണെങ്കിലും എല്ലാ മതക്കാരും കൂടെ വോട്ട് ചെയ്തു തിരഞ്ഞെടുത്ത മന്ത്രി പുള്ളിയുടെ സ്വകാര്യമായ മത വിശ്വാസത്തെ പൊതു വേദിയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് നീചമെന്നു മറ്റൊരു വാദം.. കൂട്ടത്തില്‍ ഗംഗ എന്ന സര്‍ക്കാര്‍ വക ഭവനത്തെ അദ്ദേഹം ഗ്രേസ് എന്ന് നാമകരണം ചെയ്തതും കൂടെ ആയപ്പോ സംഗതി ആളിക്കത്തി.. അദ്ദേഹം ചെയ്ത ഈ രണ്ടു കാര്യങ്ങളും തെറ്റുകള്‍ എന്ന് വിളിക്കുന്നതിനേക്കാള്‍ മണ്ടത്തരങ്ങള്‍ എന്ന് വിളിക്കുവാന്‍ ആണ് എനിക്കിഷ്ടം .. മണ്ടനായ വിദ്യാഭ്യാസ മന്ത്രിയുടെ നാട്ടിലെ ബുദ്ധിമാന്മാരായ പാവം വിദ്യാര്‍ഥികള്‍ !! ചിരി വരുന്നു .. അതിലും ചിരി വരുന്നത്, മുത്തച്ച്ചന്‍ മരിക്കുന്ന സമയത്ത് നാക്കില്‍ ഇറ്റിക്കുവാന്‍ ഒരുപാട് ബുദ്ധിമുട്ടി കാരണവര്‍ കൊണ്ട് വെച്ച ഗംഗാജലം മൂപ്പര് കാണാതെ വോഡ്കയില്‍ ഒഴിച്ച് നാരങ്ങയും പിഴിഞ്ഞ് ഒറ്റ വലിക്കു അകത്താക്കി "അടിക്കുന്നെങ്കില്‍ ഗംഗാജലം ഒഴിച്ചടിക്കണം" എന്ന് ഒരു തമാശയും പോട്ടിക്കുന്നവരും ഉണ്ട് ഈ ഗംഗ വിവാദത്തില്‍ ഘോരഘോരം വാദിക്കുവാന്‍ എന്നതാണ്...
ഇത്രയുമായപ്പോഴേക്കും ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ച ആ സംതൃപ്തി ലഭ്യമായി.. മനസ്സില്‍, ‍ നാഗവല്ലിയെ വെല്ലുന്ന ഭീകര ശബ്ദത്തില്‍ " ഉന്നൈ താനെടാ കാതിരുന്തെന്‍.. ഇവളുവ ധൈര്യമാ എന്നൊട ടൈം വേസ്റ്റ് പണ്ണ്‍ട്രതിക്ക്" എന്ന് അലറിക്കൊണ്ട്‌ അടുത്ത കര്‍മ പരിപാടികളികേക്ക് ഞാന്‍ കടന്നു ...
( ചിന്തകള്‍ തുടരും...തുടരാതെ പറ്റില്ലല്ലോ.. )